Official Confirmation Video (Asainet )Bigg Boss Malayalam Season 3: അപ്രതീക്ഷിതമായ സംഭവവികാസങ്ങൾക്കാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുന്നത്. ഏഷ്യാനെറ്റ് പുറത്തുവിട്ട ഏറ്റവും പുതിയ പ്രമോ വീഡിയോ ആണ് ഇപ്പോൾ ആരാധകരെ കുഴപ്പിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം മണിക്കുട്ടൻ ബിഗ് ബോസ് ഷോ വിട്ട് പടിയിറങ്ങിയിരിക്കുന്നു എന്നാണ് പുതിയ പ്രമോയിൽ കാണുന്നത്. അപ്രതീക്ഷിതമായ ബിഗ് ബോസിന്റെ അനൗൺസ്മെന്റ് വീടിനകത്തുള്ളവരെ സങ്കടത്തിലാക്കിയിരിക്കുകയാണ്. പൊട്ടിക്കരയുന്ന ഡിംപലിനെയും സൂര്യയേയുമാണ് പ്രമോയിൽ കാണാൻ കഴിയുന്നത്.
ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ ടൈറ്റിൽ വിന്നർ ആവാൻ ഏറെ സാധ്യതയുള്ള മത്സരാർത്ഥിയാണ് മണിക്കുട്ടൻ. വാരാന്ത്യ എപ്പിസോഡിൽ വരെ വളരെ സന്തോഷത്തോടെ കാണപ്പെട്ട മണിക്കുട്ടൻ പെട്ടെന്ന് എന്തുകൊണ്ട് ഷോ വിട്ടുപോവാൻ തീരുമാനിച്ചു എന്ന ആശങ്കയിലാണ് പ്രേക്ഷകർ. വീടിനകത്ത് മറ്റെന്തെങ്കിലും അനിഷ്ട സംഭവങ്ങൾ സംഭവിച്ചതിനെ തുടർന്നാണോ മണിക്കുട്ടന്റെ തീരുമാനം എന്നും ആരാധകർ ആശങ്കപ്പെടുന്നുണ്ട്.

അതേസമയം, ഇത് ബിഗ് ബോസിന്റെ ഗെയിം പ്ലാൻ തന്നെയാണെന്നും മണിക്കുട്ടനെ ബിഗ് ബോസ് സീക്രട്ട് റൂമിലേക്ക് മാറ്റിയതാണെന്നും റിപ്പോർട്ടുകളുണ്ട്. സീക്രട്ട് റൂമിൽ ഇരുന്ന് വീടിനകത്തെ മറ്റു മത്സരാർത്ഥികളുടെ നീക്കങ്ങൾ മോണിറ്റർ ചെയ്യാനും തന്റെ സ്ട്രാറ്റജിയിൽ വേണ്ട മാറ്റങ്ങൾ വരുത്തി തിരിച്ചെത്താനും മത്സരാർത്ഥിയ്ക്ക് കഴിയും. ബിഗ് ബോസിന്റെ മറ്റു ഭാഷകളിലുള്ള ഷോയിലും നിരവധി മത്സരാർത്ഥികളെ സീക്രട്ട് റൂം ടാസ്കിനായി തിരഞ്ഞെടുത്തിട്ടുണ്ട്. തമിഴ് ബിഗ് ബോസ് മത്സരാർത്ഥിയും നടനും സംവിധായകനുമായ ചേതനും സീക്രട്ട് റൂം ടാസ്ക് ലഭിച്ചിരുന്നു.
നിലവിൽ നോമിനേഷനിൽ പോലും പേരില്ലാത്ത, വീടിനകത്ത് കോളിളക്കം സൃഷ്ടിച്ച പ്രശ്നങ്ങളിൽ ഒന്നും ഉൾപ്പെടാത്ത ഒരു മത്സരാർത്ഥി അത്ര പെട്ടെന്ന് ഷോ വിട്ടു പോവാൻ സാധ്യത വളരെ കുറവാണ്. മാത്രമല്ല, ഓരോ മത്സരാർത്ഥിയും ബിഗ് ബോസുമായി കൃത്യമായ ഒരു എഗ്രിമെന്റ് എഴുതിയിട്ടാണ് മത്സരിക്കുന്നത്. ബിഗ് ബോസ് പുറത്താക്കാതെ, വീട് വിട്ടു പോവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മത്സരാർത്ഥി സ്വന്തം ഇഷ്ടത്തിനു പുറത്തുപോവുകയാണെങ്കിൽ ചിലപ്പോൾ നഷ്ടപരിഹാരം തന്നെ നൽകേണ്ടി വരും. മുൻപ് ഭാഗ്യലക്ഷ്മി, കിടിലം ഫിറോസ് എന്നിവർ സ്വമേധയാ പുറത്തുപോവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടും ബിഗ് ബോസ് അനുവാദം നൽകിയിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം കൂട്ടിവായിക്കുമ്പോൾ പുറത്തുപോവാനുള്ള സാധ്യത കുറവാണ്. നിലവിൽ മണിക്കുട്ടന്റെ കാര്യത്തിലും ഒരു സീക്രട്ട് റൂം ടാസ്കിനുള്ള സാധ്യതകളാണ് കൂടുതലുമുള്ളത്.
എന്നിരുന്നാലും, മണിക്കുട്ടന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചത് എന്നതിന് ബിഗ് ബോസിന്റെ ഭാഗത്തു നിന്ന് ഔദ്യോഗികമായ സ്ഥിരീകരണം ലഭിക്കാനായി കാത്തിരിക്കുകയാണ് പ്രേക്ഷകരും.
0 Comments