തിങ്കളാഴ്ച എപ്പിസോഡില്‍ സ്വന്തം തീരുമാനപ്രകാരമുള്ള മണിക്കുട്ടന്‍റെ പുറത്തുപോകലിനെ മണിക്കുട്ടന്‍ ആരാധകര്‍ മാത്രമല്ല അല്ലാതെയുള്ള ബിഗ് ബോസ് പ്രേക്ഷകരില്‍ പലരും വൈകാരികമായാണ് എടുത്തത്. ഈ എപ്പിസോഡ് കഴിഞ്ഞതിനൊപ്പം തന്നെ മറ്റൊരു ചോദ്യവും ഉയര്‍ന്നു. പോയ ആള്‍ തിരിച്ചുവരാന്‍ സാധ്യതയുണ്ടോ എന്നതായിരുന്നു അത്. ഹൗസിനുള്ളിലെ ചില സഹമത്സരാര്‍ഥികളും ഈ സംശയം പങ്കുവച്ചിരുന്നു. കിടിലം ഫിറോസും റിതുവുമൊക്കെ ഈ അഭിപ്രായം പങ്കുവച്ചവരായിരുന്നു. എന്നാല്‍ മണിക്കുട്ടന്‍റെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും പാക്ക് ചെയ്യാന്‍ ബിഗ് ബോസ് സ്യൂട്ട്കേസ് എത്തിച്ചതോടെ ഹൗസിനുള്ളിലെ മ്ലാനത ഒന്നുകൂടി കനത്തു.
പുറത്തേക്ക് പോയ ദിവസത്തെ മോണിംഗ് ആക്റ്റിവിറ്റിയില്‍ മണിക്കുട്ടന്‍ പറഞ്ഞ ഒരു ഡയലോഗ് ഉയര്‍ത്തിയാണ് ആരാധകര്‍ സ്വയം സമാധാനിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് ഇടാന്‍ നിലവില്‍ അവസരം ലഭിച്ചാല്‍ എന്താവും നിങ്ങള്‍ എഴുതുക എന്നത് വിശദീകരിക്കാനായിരുന്നു ബിഗ് ബോസ് നല്‍കിയ ടാസ്‍ക്. അതില്‍ മണിക്കുട്ടന്‍ പറഞ്ഞ ഒരു കാര്യം ഇങ്ങനെ- "മുന്‍പ് ഒരു സിനിമയിലെ അവസരം പോയി വിഷമിച്ചിരുന്നപ്പോള്‍ അമ്മ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. എന്നും ദു:ഖവെള്ളി ആയിരിക്കില്ല. ദു:ഖവെള്ളി ആയാല്‍ മൂന്നാം ദിവസം ഈസ്റ്റര്‍ വരും. അതുകൊണ്ട് പ്രതീക്ഷ കൈവെടിയരുത്. ഈ ഡയലോഗ് പോലെ പോയ പ്രിയപ്പെട്ട മത്സരാര്‍ഥി മൂന്നാംദിനം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുകയാണ് ആരാധകര്‍.
ഈ പ്രതീക്ഷകള്‍ക്ക് ബലം നല്‍കുന്ന ഒരു പ്രൊമോ വീഡിയോയും ഏഷ്യാനെറ്റ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. ബിഗ് ബോസിലെ മണിക്കുട്ടന്‍റെ സുഹൃത്തുക്കളും അവര്‍ക്കൊപ്പമുള്ള മണിയുടെ നിമിഷങ്ങളും ചേര്‍ന്നതാണ് വീഡിയോ. 'പ്രേക്ഷകർ ഒന്നടങ്കം പ്രാർത്ഥനയോടെ കാത്തിരിക്കുന്ന ആ തിരിച്ചു വരവ്' എന്നാണ് വീഡിയോയ്ക്ക് ഏഷ്യാനെറ്റ് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
0 Comments